അഡ്ലെയ്ഡ്: മ്യാന്‍മറിലെ പട്ടാള അട്ടിമറിയില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചും സിന്‍ജിയാങ്ങിലെ ഉയിഗര്‍ വംശജര്‍ക്കെതിരായ ചൈനയുടെ നടപടികളിലും പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ ഓസ്‌ട്രേലിയയില്‍ ചൈനീസ് കോണ്‍സുലേറ്റ് തുറക്കുന്നത് തടസപ്പെടുത്തി. സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്ലെയ്ഡിലെ ജോസ്ലിന്‍ നഗരത്തില്‍ ചൈനീസ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് പുതുതായി നിര്‍മിച്ച കോണ്‍സുലേറ്റിന് മുന്നിലുള്ള റോഡ് പോലീസ് അടച്ചു.
ഇന്ന് രാവിലെ സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ ഉള്‍പ്പെടെ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉറക്കെപ്പറഞ്ഞ് പ്രതിഷേധിച്ച അഡ്ലെയ്ഡിലെ ഉയിഗര്‍ സമൂഹത്തിനൊപ്പം ടിബറ്റന്‍കാരും പങ്കുചേര്‍ന്നു. കോണ്‍സുലേറ്റ് തുറക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കോണ്‍സുലേറ്റിന്റെ വലിപ്പവും ജീവനക്കാരുടെ അധിക എണ്ണവും സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ട്. വലിയ മതിലുകളെക്കുറിച്ചും സിസിടിവി ക്യാമറകളെക്കുറിച്ചും പരിസരവാസികള്‍ ഇതിനകം പരാതിപ്പെട്ടിട്ടുണ്ട്. ആസൂത്രണ നിയമപ്രകാരം ഇളവുകള്‍ ഉള്ളതിനാല്‍ നയതന്ത്ര കെട്ടിടങ്ങള്‍ക്ക് സംസ്ഥാന-പ്രാദേശിക സര്‍ക്കാരിന്റെ വികസന അനുമതി ആവശ്യമില്ല.
പുതിയ കോണ്‍സുലേറ്റ് പ്രദേശവാസികളില്‍ ആശങ്ക സൃഷടിച്ചിരിക്കുകയാണെന്ന് സൗത്ത് ഓസ്‌ട്രേലിയ ലിബറല്‍ സെനറ്റര്‍ അലക്‌സ് ആന്റിക് പറഞ്ഞു. 1.7 ദശലക്ഷം ജനസംഖ്യയുള്ള, പ്രതിരോധ പദ്ധതികള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനത്ത് 12 വിദേശ പൗരന്മാര്‍ ജോലി ചെയ്യുന്നത് ആപത്തിന്റെ മുന്നറിയിപ്പല്ലേ എന്ന് അലക്‌സ് ആന്റിക് ചോദിച്ചു.
സൗത്ത് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള പ്രതിരോധ വ്യവസായങ്ങള്‍ക്കും നാവിക കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ക്കും വ്യക്തമായ സുരക്ഷാ ഭീഷണിയാണ് കോണ്‍സുലേറ്റ് ഉയര്‍ത്തുന്നതെന്ന് സ്വതന്ത്ര സെനറ്റര്‍ റെക്‌സ് പാട്രിക് ട്വീറ്റ് ചെയ്തു. ഇത് ഒരിക്കലും തുറക്കാന്‍ അനുവദിക്കരുത്. ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷയക്കാണ് ആദ്യം പരിഗണന കൊടുക്കേണ്ടതെന്നും റെക്‌സ് പാട്രിക് പറഞ്ഞു. സെനറ്റര്‍മാരുടെയും പ്രദേശവാസികളുടെയും ആശങ്കകള്‍ താന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ സെക്രട്ടറി ഫ്രാന്‍സെസ് ആദംസണ്‍ പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഉയിഗര്‍ ജനസംഖ്യയുള്ളത് അഡ്ലെയ്ഡിലാണ്. 30000 ചൈനീസ് വംശജരുമുണ്ട്. ചൈനീസ് കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനെ പ്രദേശവാസികള്‍ ആശങ്കയോടെയാണ് കാണുന്നത്.
ഉയിഗര്‍ വംശജര്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ആഗോള തലത്തില്‍ ചൈന നേരിടുന്നത്. കൂട്ട തടങ്കല്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുക, അവരുടെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക, നിര്‍ബന്ധിത പുനര്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ പ്രബോധനത്തിന് വിധേയമാക്കുക തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന നടത്തുന്നത്.
അതേസമയം കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഓഫീസ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിഷയം ചൈനീസ് കോണ്‍സുലര്‍മാര്‍ക്കും പ്രദേശവാസികള്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തിയതായും പറയുന്നു.